Thursday, 1 March 2012

ഇരുട്ട്

രാത്രിയില്‍ 
ഇരുട്ടില്ലായിരുന്നെങ്കില്‍   
കണ്ണടക്കുമ്പോള്‍
ഇരുട്ടാകാതിരുന്നെങ്കില്‍
ഇരുട്ടുള്ളതുകൊണ്ട്‌
കവിളത്തുചാലുകീറുന്ന
കണ്ണീരു കാണില്ല.
ഇരുട്ടായതുകൊണ്ടല്ലേ 
നിറവയറിന്റെ ആഴം
തുരന്നുനോക്കുന്നെ?
ഇരുട്ടത്തല്ലേ വയസറിയിക്കാത്ത
മകളുടെ മാറുടച്ചത്?
ഇപ്പോള്‍
പകലും ഇരുട്ടാണ്‌.
ചുറ്റും
വിളക്ക് തെളിയാത്ത
മുഖങ്ങള്‍
ചെവികളിലിപ്പോഴും
ഗാന്ധാരിയുടെ
വിതുമ്പലുകള്‍......
  ‍

Tuesday, 28 February 2012

മുക്കുവന്‍


മണല്‍പരപ്പിലെ മുക്കുവന്‍
വലവീശാന്‍ ഇറങ്ങി.
വലയില്‍ കുടുങ്ങിയത്
മാസം തികയാത്ത ഗര്‍ഭപാത്രം.
ഉടച്ചു നോക്കിയപ്പോള്‍
മണിബന്ധങ്ങളറ്റ കൈപ്പത്തി.
വീണ്ടും വലവിരിച്ചിട്ട്,
ചരിത്രാതീതകാലത്തേക്ക് മടങ്ങി
അന്തിവെയില്‍ ആറിയപ്പോള്‍
വലവലിച്ചു.
വലക്കുള്ളില്‍  
പിടക്കുന്ന സ്തനങ്ങള്‍
ഈമ്പിക്കുടിച്ചപ്പോള്‍
രക്തം ചുവയ്ക്കുന്നു.
വലവീശി മടുത്തു,
കുടിയില്ലേക്ക് മടങ്ങാം.
തൊടിയില്‍ അമ്മ നില്‍ക്കുന്നു.
തവിപിടിക്കാന്‍ കൈകളില്ലാതെ,
വല്ലാതെ ദാഹിച്ചപ്പോള്‍
റൌക്കമാറ്റിനോക്കി
മാറില്‍ ശൂന്യകാശത്തെ
കട്ടപിടിച്ച ഇരുട്ടുമാത്രം....അടിക്കുറിപ്പ: നമ്മള്‍ വെട്ടിമാറ്റുന്ന കൈകളും നമ്മള്‍ പിച്ചിചീന്തുന്ന സ്തനങ്ങളും നമ്മുടെ ഉടപ്പിറന്നോരുടെതല്ലേ? 

അമ്മ മരിച്ചിട്ടില്ല


മകനെ,  
ഞാന്‍ നിനക്കായി
ചുട്ട അപ്പതരികള്‍
കാലന്‍ കോഴി
കൊത്തിവിഴുങ്ങുന്നു
മകനെ,
ഞാന്‍ നിനക്കായി
ചുരത്തിയ മുലപ്പാല്‍ 
ചാവാലി പട്ടികള്‍   ‍
നക്കി കുടിക്കുന്നു.
മകനെ, നിന്റെ
മുറിച്ചിട്ട പൊക്കിള്‍കൊടി
കരകാണാത്ത കടലില്‍  
തേങ്ങിക്കരയുന്നു.
മകനെ,
എന്റെ കണ്ണീരില്‍     
ഉപ്പിന്റെ ഉറകെടുന്നു.
മകനെ, നിന്റെ  
രക്തം ചുരത്തുന്ന
കരങ്ങളും,
മാംസം ചവക്കുന്ന
കൊമ്പല്ലും 
മകനെ നീയും
നിന്റെ ഉള്ളിലെ നീയും
ഓര്‍ക്കുമ്പോള്‍
എന്റെ ഗര്‍ഭപാത്രം
നാണിച്ചുചുരുങ്ങുന്നു...

Sunday, 26 February 2012

പെരുച്ചാഴിനിനവിന്റെ 
നേര്‍ത്തൊര
തെങ്ങലുകളിലെവിടെയോ
നീയൊരു 
കൃഷ്ണപരുന്ത്.
കനലുപൊരു
കണ്നുകളിലോക്കെയും 
കൂമ്പിനിന്നത്
ശൂന്യത.
മെല്ലെ തുളുംമ്പിനിന്നു 
നഭസില്‍ മിടിക്കുന്ന
ഹൃദയം തിരഞ്ഞു ഞാന്‍,
നോവിന്റെ തീരത്തെ 
പരല്‍ മണലില്‍.
എങ്കിലും
രാത്രിയുടെ 
യാമങ്ങളിലെവിടെയോ 
പെരുച്ചാഴി മെല്ലെ
കരണ്ട് നിന്നെ...

Friday, 24 February 2012

മരംമരം കാണുമ്പോള്‍ 
കണ്ണ് വിടരുന്നു.
ചില മരങ്ങളില്‍ 
മഴവില്ലുകള്‍.
മുത്തുന്ന  ചൂടിലെവിടെയോ
തണല്‍ തണുപ്പുകള്‍ .
മരം കാണുമ്പോള്‍ 
കണ്ണ് കത്തുന്നു.
പതറുന്ന കോടാലി-
കൈകളിലെവിടെയോ,
ചിതറിത്തെറിക്കുന്ന 
കനല്‍കൊള്ളികള്‍..
ഇന്ന്,
കണ്ണുകള്‍ അടയുന്നു.
നോവിന്റെ പതംവെച്ച 
മരനിഴല്‍ തേടുമ്പോള്‍ 
കാഴ്ച മറയുന്നു.
മറവി ദ്രവിപ്പിച്ച 
പുസ്തകതാളുകളില്‍ 
ചിതലരിക്കുന്ന 
വാക്കുകള്‍ 
"മരം വരമാണ്" 

കറുപ്പ്


 നിനവിന്റെ 
 നിലവരക്കുള്ളില്‍
ചിലക്കുമൊരു രാപ്പാടി 
മെല്ലെ പറഞ്ഞു 
നീ കണ്ട നിനവുകളില്‍ ഒക്കെയും 
ഞാന്‍ കണ്ടു 
രാവിന്‍റെ കരിപൂണ്ട 
കറുപ്പുനിറം

Wednesday, 22 February 2012

നസ്രാണി‎"കാഞ്ഞിരപ്പള്ളി, പാലാ, എറണാകുളം. തൃശൂര്‍...രൂപതയില്‍പ്പെട്ട പുരാതന റോമന്‍ കത്തോലിക്കാ കുടുംബത്തിലെ സൗന്ദര്യവും സമ്പത്തും വിദേശത്തു ജോലിയുമുള്ള യുവാവിന്‌ അല്ലെങ്കില്‍ യുവതിക്കു വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു."

പ്രമുഖ മലയാളം പത്രങ്ങളില്‍ വരുന്ന ഇത്തരം വിവാഹ പരസ്യങ്ങള്‍ കാണുമ്പോള്‍ ഒരു സംശയം. കാഞ്ഞിരപ്പള്ളി, എറണാകുളം etc... രൂപതകളില്‍ എങ്ങിനെയാണ്‌ റോമന്‍ കത്തോലിക്കാ കുടുംബങ്ങള്‍ ഉണ്ടാവുക? പുരാതന കത്തോലിക്കാ കുടുംബങ്ങള്‍ ഉണ്ട്‌. പക്ഷേ അവരെങ്ങിനെ റോമന്‍ കത്തോലിക്കരാകും? പ്രസ്തുത രൂപതകളില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ (സീറോ മലബാര്‍ കത്തോലിയ്ക്കര്‍) ആണുള്ളത്‌. പൗരസ്ത്യ സുറിയാനി ആരാധനാ ക്രമത്തില്‍ അടിസ്ഥാനമായ ആദ്ധ്യാത്മികതയില്‍ ജീവിക്കുന്നവരാണ്‌ സീറോ മലബാര്‍ സഭയിലുള്ളവര്‍. എന്നാല്‍ റോമന്‍ അഥവാ ലത്തീന്‍ ആരാധനാ ക്രമത്തില്‍ ജീവിക്കുന്നവരാണ്‌ റോമന്‍ കത്തോലിക്കര്‍. പതിനാറാം നൂറ്റാണ്ടില്‍ മാത്രമാണ്‌ റോമന്‍ ആരാധനാക്രമമനുസരിച്ചുള്ള സഭാ ജീവിതം പാശ്ചാത്യ മിഷണറിമാരിലൂടെ ഭാരതത്തില്‍ ആരംഭിച്ചത്‌. അതുവരെ ഇവിടെ റോമന്‍ കത്തോലിക്കര്‍ ഇല്ലായിരുന്നു. പക്ഷേ കത്തോലിക്കര്‍ ഉണ്ടായിരുന്നു. മാര്‍ത്തോമ്മാ ശ്ലീഹായില്‍ നിന്നും വിശ്വാസം സ്വീകരിച്ച നസ്രാണികള്‍ അല്ലെങ്കില്‍ മലങ്കര നസ്രാണികള്‍ എന്നറിയപ്പെടുന്ന വിശ്വാസികള്‍ എ.ഡി 52 മുതല്‍ 
കത്തോലിയ്ക്കരാണ്‌; ഇന്നും അങ്ങിനെതന്നെ തുടരുകയും ചെയ്യുന്നു.
മാതൃമലങ്കര സഭയില്‍പെട്ട വിശ്വാസികള്‍ മലങ്കര കത്തോലിയ്ക്കര്‍ എന്നാണ്‌ തങ്ങളെത്തന്നെ വിശേഷിപ്പിക്കുക. തങ്ങളുടെ സഭാ നാമത്തോടൊപ്പം റോമാ അല്ലെങ്കില്‍ RC കൂട്ടിച്ചേര്‍ക്കാറില്ല. പക്ഷേ ഒരു സീറോ മലബാറുകാരന്റെ അവസ്ഥയോ? "താങ്കള്‍ ഏതു സഭയില്‍പ്പെട്ടയാളാണു" എന്നു ചോദിച്ചാല്‍, RC എന്നു മറുപടി ആദ്യം വരും. പിന്നീട്‌ പറയും RCSC ( Roman Catholic Syrian Christian)കുറച്ചു കൂടി വിശദമായി ചോദിക്കുമ്പോഴേ സീറോ മലബാര്‍ അഥവാ മാര്‍ത്തോമ്മ നസ്രാണി എന്ന പദം വരൂ. ഒരു നസ്രാണി എങ്ങിനെ റോമന്‍ കത്തോലിയ്ക്കനാവും? എത്രയാലോചിച്ചിട്ടും മനസ്സിലാകുന്നില്ല. RC എന്ന വിശേഷണം തന്നെ യുക്തിയ്ക്കു നിരക്കുന്നതല്ല. ഒരു സുറിയാനി ക്രിസ്ത്യാനിയ്ക്കു ഒരിക്കലും റോമന്‍ കത്തോലിയ്ക്കനാവാന്‍ കഴിയില്ല. പക്ഷേ കത്തോലിയ്ക്കനാവാം. ഉദാ: സീറോമലബാര്‍ കത്തോലിയ്ക്കാ സഭാംഗം, മലങ്കര കത്തോലിയ്ക്കാ സഭാംഗം.
റോമന്‍ കത്തോലിയ്ക്കര്‍ എന്നു പറഞ്ഞാല്‍ റോമന്‍ അഥവാ ലത്തീന്‍ ആരാധനാക്രമം ഉപയോഗിക്കുന്ന സഭാ സമൂഹമാണ്‌.

ഭാരതത്തില്‍ ലത്തീന്‍ ഹയരാര്‍ക്കിയുടെ കീഴില്‍ വരുന്ന വിശ്വാസി സമൂഹമാണ്‌ RC അഥവാ റോമന്‍ കത്തോലിയ്ക്കര്‍. ഉദാഹരണത്തിനു കേരളത്തില്‍ വരാപ്പുഴ , കൊച്ചി, വിജയപുരം തുടങ്ങിയ ലത്തീന്‍ രൂപതയിലെ വിശ്വാസികള്‍. തിരുവനന്തപുരം, തിരുവല്ല etc... രൂപതകളിലെ വിശ്വാസികളാണ്‌ മലങ്കര കത്തോലിയ്ക്കര്‍. കാഞ്ഞിരപ്പള്ളി, പാലാ, എറണാകുളം, തൃശൂര്‍etc... തുടങ്ങിയ രൂപതകളിലെ വിശ്വാസികളാണ്‌ മാര്‍ത്തോമ്മാ നസ്രാണികള്‍ അഥവാ സീറോമലബാര്‍ കത്തോലിയ്ക്കര്‍. ഇതില്‍ നിന്നും കത്തോലിയ്ക്കനാകണമെങ്കില്‍ 'റോമാ' എന്ന വിശേഷണം ആവശ്യമില്ലായെന്നു വ്യക്തമാണ്‌ സഭയുടെ വ്യക്തിത്വവും ശക്തിയും, എന്തിനേറെ ശരിയായ പേരു പോലും അറിയാത്ത അവസ്ഥയില്‍ ഇന്നും ധാരാളം പേര്‍ ഈ സഭയിലുണ്ട്‌ എന്നു സൂചിപ്പിക്കാനാണ്‌ ഇതു കുറിയ്ക്കുന്നത്‌. ഇതു വെറും ഒരു പേരിന്റെ മാത്രം പ്രശ്നമല്ല. RC എന്നു നസ്രാണിയെ വിളിച്ചാല്‍ എന്താണു കുഴപ്പം എന്നു ആലോചിക്കുന്നവരും ധാരാളമുണ്ടാവാം. നാനൂറു വര്‍ഷത്തെ വൈദേശികാധിപത്യത്തിന്റെ ഫലമായി മാര്‍ത്തോമ്മാ നസ്രാണികള്‍ എന്ന പേരു പോലും നമ്മുക്ക്‌ നഷ്ടപ്പെട്ടു. പകരം, വ്യക്തിത്വത്തോട്‌ പൂര്‍ണ്ണമായും ചേരാത്ത സീറോ മലബാര്‍ എന്ന പേരു ചാര്‍ത്തപ്പെട്ടു. അതും മാറ്റി ഉറവിട വ്യക്തിത്വത്തിലേയ്ക്കു മടങ്ങാനുള്ള ശ്രമത്തിനിടെയാണ്‌ അറിഞ്ഞും അറിയാതെയുമുള്ള RC ഉപയോഗം.

പേര്‌ വ്യക്തിത്വത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. പേരില്ലാത്തവന്‍ വ്യക്തിത്വം നഷ്ടപ്പെട്ടവനാണ്‌. നമ്മുടെ ശരിയായ പേരിനു പകരം ഇരട്ടപേരു വിളിച്ചാല്‍ നമ്മള്‍ക്കിഷ്ടപ്പെടുമോ? മാതൃ സഭ നമ്മുടെ അമ്മയാണ്‌. സീറോ മലബാര്‍ സഭയെന്നിപ്പോള്‍ അറിയപ്പെടുന്ന മാര്‍ത്തോമ്മാ നസ്രാണി സഭയാണ്‌ നമ്മുടെ അമ്മ. ഈ അമ്മയുടെ പേരു ശരിയായ രീതിയില്‍ നമ്മള്‍ക്കു ധ്യാനിയ്ക്കാം, ഓര്‍മ്മിക്കാം. അത്‌ വലിയയൊരു തപസ്സും പ്രാര്‍ത്ഥനയുമാണ്‌. ഈ പ്രാര്‍ത്ഥനയാണ്‌ നമ്മുടെ അമ്മയ്ക്കു നാം കൊടുക്കുന്ന സ്നേഹ
സമ്മാനം. 

                
  http://facebook.com/marthomachristians owns the copyright on this article